അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിനുലഭിച്ച കോടിക്കണക്കിനു രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനു തിരിച്ചടിയായി സിസിടിവി ദൃശ്യങ്ങളിലെ തിരിമറി.
ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ മായ്ച്ചു കളയാൻ ശ്രമിച്ചതായി സംശയമുണ്ടെന്ന് പ്രത്യേകസംഘം സൂചന നൽകി. വെറും 45 ദിവസത്തെ ദൃശ്യങ്ങൾ മാത്രം ലഭ്യമാകുന്ന രീതിയിലാണ് സിസിടിവി ക്രമീകരിച്ചിരിക്കുന്നത്. ഇതും കൂടുതൽ തെളിവു കണ്ടെത്തുന്നതിനു തടസമാവുകയാണ്.
ക്ഷേത്രത്തില്‍ ലഭിച്ച സംഭാവനകളില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ശ്രീ രാം ജന്മഭൂമി തീര്‍ഥ ട്രസ്റ്റിന്റെ അഭ്യര്‍ഥന പ്രകാരം കഴിഞ്ഞ 13നാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ക്ഷേത്രം ജീവനക്കാരുടെ മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അതേസമയം ആഭ്യന്തര കണക്കെടുപ്പ് തുടരുകയാണെന്നും ഇതുവരെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് ശ്രീരാമജന്മഭൂമി ട്രെസ്റ്റ് പറയുന്നത്.
രണ്ട് ഭാരവാഹികൾ സംശയനിഴലിൽ
അയോധ്യ: രാമക്ഷേത്രത്തിലെ കൊള്ളയിൽ ക്ഷേത്രം ട്രസ്റ്റിലെ രണ്ട് ഭാരവാഹികൾ സംശയനിഴലിൽ. പ്രാഥമികാന്വേഷണത്തിനുശേഷം പ്രത്യേകസംഘമാണ് ഈ നിഗമനത്തിൽ എത്തിയത്. മൂന്നംഗ അന്വേഷണസമിതി കഴിഞ്ഞദിവസം അയോധ്യയിൽനിന്ന് ലക്നോയിലെത്തി. ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് നൽകാനും ആലോചനയുണ്ട്.
ക്ഷേത്രം ട്രസ്റ്റിലെ ഏതാനും പേരെ നീക്കണമെന്ന് 70 പേജുള്ള റിപ്പോർട്ടിൽ പ്രത്യേകസംഘം നിർദേശിച്ചതായി പറയപ്പെടുന്നു. രാമക്ഷേത്രം ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നതാണ് മറ്റൊരു നിർദേശം.